Times Kerala

 ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ 

 
 ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ 
 പത്തനംതിട്ട: ജില്ലയിലെ തിരുവല്ല വള്ളംകുളത്ത് നിലം നികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികൾ പോലീസിന്റെ പിടിയിൽ. ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയില്‍ ജിഷ്‌ണു(മനു-26), ഇയാളുടെ സഹോദരന്‍ ജിതിന്‍(23) എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളം ഈസ്റ്റ് ശ്രീകണ്‌ഠ സദനത്തില്‍ ശശിധരന്‍ നായരെ വീട്ടിൽ കയറി കമ്പിവടി ഉപയോഗിച്ച്‌ തലയ്ക്കടിയ്ക്കുകയും ഭാര്യ സോണിയെ മര്‍ദിക്കുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്‌ച വൈകിട്ടോടെ ഇന്‍സ്‌പെക്‌ടര്‍ പി.എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്‌കര്‍ കോളനിയില്‍ പ്രദീപിനെ(43) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു. പ്രദീപിന്‍റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്‌ണുവും ജിതിനും.മാര്‍ച്ച്‌ 27ന് രാത്രി 9 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ശശിധരന്‍ നായരും പ്രദീപിന്‍റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. പിടിയിലായ ജിഷ്‌ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം അടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

Related Topics

Share this story