കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം; വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം; വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു
തൃശൂർ:  കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു.ക്ഷേത്രത്തിനും  കേടുവരുത്തി. ആക്രമണം നടത്തിയ തിരുവനന്തപുരം പാറശാല കാരോട് കൊടിക്കത്തറക്കുഴി പുത്തന്‍വീട്ടില്‍ രാമചന്ദ്രൻ എന്ന 43-കാരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇയാള്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.  ചൊവ്വാഴ്ച രാവിലെ അഞ്ചിന്  കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ തെക്കായി ദേശീയപാതയ്ക്കരികില്‍  മൂലസ്ഥാനക്ഷേത്രത്തിനുനേരെയാണ് ആക്രമണം നടന്നത്. മേല്‍ക്കൂരയില്ലാത്ത ക്ഷേത്രത്തിന്റെ ഇരുമ്പുവാതിലിന്റെ താഴു തകര്‍ത്ത് അകത്തുകയറിയ അക്രമി ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ്  വിഗ്രഹവും ദീപസ്തംഭവും തകര്‍ത്തത്. ഈ വഴി കടന്നുപോയ നാട്ടുകാര്‍  ക്ഷേത്രത്തില്‍ അക്രമം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചു. ക്ഷേത്രത്തിന്റെ മൂലയില്‍ പതുങ്ങിയിരിക്കുന്ന അക്രമിയെ പൊലീസ് കണ്ടെത്തിയതോടെ  ഇയാള്‍ അക്രമാസക്തനായി പൊലീസിനും നാട്ടുകാര്‍ക്കും നേരെ ഇരുമ്പുപൈപ്പ് വീശി രക്ഷപ്പെടാന്‍ ശ്രമിക്കുയും ചെയ്തു. പിന്തുടര്‍ന്ന നാട്ടുകാരും പൊലീസും ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. 

Share this story