Times Kerala

ആവേശം ചോരാതെ കലോത്സവ വേദികൾ: ഇഞ്ചോടിഞ്ച് മത്സരം

 
384


 
കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവ വേദികളിൽ മൂന്നാം ദിനവും ആവേശം നിറഞ്ഞ പ്രകടനങ്ങൾ. ഇരിങ്ങാലക്കുട ടൗൺഹാളിൽ പുരാണ കഥകളെ ആസ്പദമാക്കി കേരള നടനം മനം കവർന്നപ്പോൾ സമകാലിക വിഷയങ്ങളിലൂടെ നാടോടി നൃത്തം നിറഞ്ഞാടി.  ഡോൺ ബോസ്കോ സ്കൂൾ വേദിയിൽ അരങ്ങേറിയ  മോഹിയാട്ട മത്സരവും ആസ്വാദക മനം നിറച്ചു.  പൂതനാമോക്ഷവും യശോദയും കണ്ണനും  മോഹിനിയാട്ട മത്സരത്തിലെ പ്രധാന പ്രമേയങ്ങളായി.

ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വേദി നാലിൽ  കൂടിയാട്ടം മത്സരങ്ങൾ നിറഞ്ഞ സദസിന് മുന്നിലാണ് അരങ്ങേറിയത്. ബാലിവധം കൂടിയാട്ടം അവതരണം കൊണ്ട് ശ്രദ്ധ നേടി. കോൽക്കളിയിലും ഇഞ്ചോടിഞ്ച് മത്സരം നേരിട്ടു.   ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ഹാളിൽ  നടന്ന  മോണോ ആക്ട് മത്സരങ്ങൾ   സമകാലിക വിഷയങ്ങൾ കൊണ്ട് ശ്രദ്ധേയമായി. സ്ത്രീ പീഡനങ്ങൾ, പ്രണയ കൊല, ലവ് ജിഹാദ്, നരബലി, ലഹരിയിൽ മുങ്ങുന്ന ജീവിതങ്ങൾ തുടങ്ങിയവ  വിഷയങ്ങളായി. ഹൈസ്കൂൾ - ഹയർ സെക്കന്ററി വിഭാഗം കഥകളി സംഗീത മത്സരവും നിലവാരം പുലർത്തി.

സംഘനൃത്തം, മാർഗംകളി, പൂരക്കളി, മാപ്പിളപ്പാട്ട്, ചവിട്ട് നാടകം, പരിചമുട്ട് കളി , സംസ്കൃത നാടകം, നാടൻപാട്ട്, വഞ്ചി പാട്ട് തുടങ്ങിയ മത്സരങ്ങൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (നവംബർ 26) വേദിയിലെത്തും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.

Related Topics

Share this story