17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

 സംസ്ഥാനത്തിന്റെ കടം 3,32,291 കോടി രൂപ

കാസർഗോഡ്: നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം നഗരസഭ, ഗ്രാമപഞ്ചായത്തുകളായ കള്ളാര്‍, കിനാനൂര്‍ -കരിന്തളം, പുല്ലൂര്‍ പെരിയ, അജാനൂര്‍, ദേലംപാടി, വോര്‍ക്കാടി, മുളിയാര്‍, മധൂര്‍, പള്ളിക്കര, കുമ്പഡാജെ, എന്‍മകജെ, മീഞ്ച, പൈവളികെ, ബദിയടുക്ക എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
 

30 ലക്ഷം രൂപ ചിലവില്‍ ആനമതില്‍ നിര്‍മാണം, ഡയാലിസിസ് സെന്റര്‍, കുട്ടികളുടെ പാര്‍ക്ക്, കാര്‍ഷികാനുബന്ധ മേഖലാ പ്രദര്‍ശന തോട്ടം, കാര്‍ഷികോത്പന്ന സംഭരണ കേന്ദ്രം, വനിതാ ഘടക പദ്ധതികള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിനായുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിഗണന നല്‍കുന്നത്. തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ , കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ , മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കായി നീലേശ്വരം നഗരസഭ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. വനിതാഘടക പദ്ധതിയില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് വസ്ത്ര നിര്‍മാണ മേഖലയില്‍ നീലേശ്വരം നഗരസഭ സംരംഭങ്ങള്‍ തുടങ്ങും. ഒപ്പം വനിതാ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും നിര്‍മിക്കും.
ചെങ്ങറ കോളനി കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ്, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് പ്രത്യേകം പദ്ധതികള്‍ കള്ളാര്‍ പഞ്ചായത്ത് നടപ്പിലാക്കും. അങ്കണവാടികളുടെ വൈദ്യുതീകരണം, അങ്കണവാടികളിലേക്ക് കുടിവെള്ള വിതരണം, വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം, കാവ് പള്ളം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , പച്ചത്തുരുത്ത് രൂപീകരണം തുടങ്ങിയവയ്ക്ക് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ഗണന നല്‍കും.

 

പെരിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാന്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പദ്ധതി തയ്യാറാക്കും. വനിതകളുടെ സ്വയം സംരംഭം പഞ്ചായത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഒലി വാര്‍ത്താ ചാനല്‍ തുടങ്ങും
കാര്‍ഷിക മേഖലയുടെ വികസനത്തിന് അജാനൂര്‍ പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. മൃഗ സംരക്ഷണം, ദാരിദ്ര ലഘൂകരണം, കുടിവെള്ളം തുടങ്ങിയവയ്ക്കും പദ്ധതികള്‍ തയ്യാറാക്കും. അതിദരിദ്രര്‍ക്ക് ദേലംപാടി പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. ഒപ്പം വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും ഭിന്നശേഷി, പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കും.
പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വോര്‍ക്കാടി പഞ്ചായത്ത് പദ്ധതികള്‍ തയ്യാറാക്കും. ഒപ്പം വിവിധ വാര്‍ഡുകളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. വന്യമൃഗങ്ങളുടെ ശല്യം, സുരക്ഷിത ഭവനം, കുടിവെള്ളം എന്നിവയ്ക്കായി മുളിയാര്‍ പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. ആനവേലി, സോളാര്‍ വേലി എന്നിവ നിര്‍മിക്കും.

 

പശ്ചാത്തല മേഖലയിലെ സൗകര്യക്കുറവ്, സൗകര്യങ്ങളുടെ അപര്യാപ്തത, ശുചിത്വ മാലിന്യ മേഖലയിലെ പോരായ്മകള്‍ എന്നിവ പരിഹരിക്കാന്‍ മധൂര്‍ പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കും. ഒപ്പം തൊഴിലവസരം സൃഷടിക്കാനും ജൈവവള നിര്‍മാണ യൂണിറ്റ് തുടങ്ങാനുമുള്ള പദ്ധതികള്‍ക്ക് പള്ളിക്കര പഞ്ചായത്ത് മുന്‍ഗണന നല്‍കും.
പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ കുമ്പഡാജെ പഞ്ചായത്ത് പദ്ധതികള്‍ തയ്യാറാക്കും. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ , ഭിന്നശേഷി വിഭാഗത്തിന് പദ്ധതികള്‍ തുടങ്ങിയവയിലും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. കിണര്‍ റീച്ചാര്‍ജിംഗ്, പച്ചക്കറി കൃഷി, ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം, ഭിന്നശേഷി കലോത്സവം, ശാരീരകവും മാനസികവുമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്കായി എന്‍മകജെ പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കും.

 

ലഭ്യമായ അടങ്കല്‍ ഉപയോഗിച്ച് മീഞ്ച പഞ്ചായത്തിലെ വാര്‍ഡുകളില്‍ റോഡ് നിര്‍മാണത്തിനായി പദ്ധതികള്‍ തയ്യാറാക്കും. ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാനും കാര്‍ഷിക മേഖലയുടെ വികസനത്തിനും പൈവളികെ പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ മേഖലയിലും ഭിന്നശേഷി വിഭാഗത്തിന്റെ വികസനത്തിനും പദ്ധതികള്‍ തയ്യാറാക്കാന്‍ ബദിയടുക്ക പഞ്ചായത്ത് മുന്‍ഗണന നല്‍കും.

Share this story