ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ട്രാഫിക് പൊലീസുകാര്‍ക്കെതിരെ നടപടി; ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം

police
 കൊച്ചി: ജോലി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ട്രാഫിക് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം  ഹൈക്കോടതിയുടെ നിർദ്ദേശം. അടിയന്തിര ആവശ്യങ്ങള്‍ക്കോ ജോലിയുടെ ഭാഗമായോ അല്ലാതെ ഉദ്യോഗസ്ഥര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാമെന്നും ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു. ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പതിനെട്ട് ഓട്ടോറിക്ഷ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കവെയാണ് കോടതി ഇക്കാര്യം കൂടി ചൂണ്ടികാട്ടിയത്.ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്ച്ചയാണെന്നും കോടതി അഭിപ്രായപ്പെട്ടു. വാഹനങ്ങളില്‍ ജോയി സ്റ്റിക് പോലെയാണ് ഹോണുകള്‍ ഉപയോഗിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. കൊച്ചി നഗരത്തില്‍ യാത്രക്കാരെ കയറ്റുന്നതിനും വാഹനം പാര്‍ക്ക് ചെയ്യുന്നതിനും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്. യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷയുടെ സൗകര്യം ഉപയോഗിക്കുന്നതിന് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ നിയുക്ത പാര്‍ക്കിംഗ് സ്ഥലങ്ങളില്ലെന്ന് വാദിച്ച ഇവര്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

Share this story