Times Kerala

സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

 
സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ: സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ.തിരുവനന്തപുരം ചിറയിൻകീഴ് ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസിൽ തിയോഫിൻ (39) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 13നായിരുന്നു സംഭവം നടന്നത്.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്‍റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും പണവും ആണ് പ്രതികൾ കവർന്നത്. തുടർന്ന് സജീവന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാന കേസിൽ അറസ്റ്റിലായ പ്രതികളുടെയും ജയിൽ മോചിതരായവരെയും പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

നിരവധി മോഷണക്കേസിൽ പ്രതിയായ സതീഷിനെ എറണാകുളം കങ്ങരപ്പടിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നാണ് രണ്ടാം പ്രതിയായ തിയോഫിന്‍റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കത്തിക്കുത്ത് കേസിൽ റിമാന്‍ഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ദ്വിജേഷ് എസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ടോൾസൺ പി. ജോസഫ്, ജൂനിയർ സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു, ജോസഫ് ജോയി, അബൂബക്കർ, സിദ്ദീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story