തിരൂരിൽ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു; മൽപ്പിടുത്തത്തിൽ വീട്ടമ്മയുടെ പല്ല് നഷ്ടപ്പെട്ടു
Wed, 25 Jan 2023

തൃശൂർ: തിരൂരിൽ വീട്ടമ്മയുടെ കഴുത്തിലെ മാല കവർന്നു. മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിൽ വീട്ടമ്മയുടെ പല്ല് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച 5.45നായിരുന്നു സംഭവം നടന്നത്. തിരൂർ കിഴക്കേ അങ്ങാടിയിലെ ആലപ്പാട്ട് വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാല പൊട്ടിക്കുന്നതിനിടയിൽ മോഷ്ടാവുമായി നടന്ന മൽപ്പിടുത്തത്തിൽ സീമയുടെ പല്ല് നഷ്ടപ്പെട്ടു. ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാനായില്ലെന്നും ട്രൗസർ മാത്രമാണ് വേഷമെന്നും സീമ പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.