കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ നാളെ നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പവും അഞ്ച് ലക്ഷം വനംവകുപ്പ് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സില്‍ നിന്നും നാലുമെന്ന മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ വനം ഡിവിഷനിലെ ഫോറസ്റ്റ് വാച്ചര്‍ കോഴിപ്പക്കുടി സ്വദേശി ശക്തിവേല്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. കാട്ടാനകളെ തന്ത്രപൂര്‍വ്വം ജനവാസ മേഖലകളില്‍ നിന്നും കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീര്‍ഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെ പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയപ്പോഴാണ് ശക്തിവേലിന്  നേരെ  കാട്ടാന ആക്രമണമുണ്ടായത്. കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ കാട്ടാന ആക്രമണം ശക്തമാണ്. ആക്രമണത്തില്‍ വനംവകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Share this story