പോപ്പുലർ ഫ്രണ്ട് റെയ്ഡിൽ അറസ്റ്റിലായത് 45 പേർ; കേരളത്തിൽ നിന്ന് മാത്രം 19 പേർ

ന്യൂഡൽഹി: രാജ്യവ്യാകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും താമസകേന്ദ്രങ്ങളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ അറസ്റ്റിലായത് 45 പേർ. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ 19 പേരും കേരളത്തിൽ നിന്നുള്ളവരാണ്. 11 പേർ തമിഴ്നാട്ടിൽ നിന്നും നാല് പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ കേരളത്തിൽനിന്ന് പോപ്പുലർ ഫ്രണ്ട് (പിഎ ഫ്ഐ) ചെയർമാൻ ഒ.എം.എസ് സലാം ഉൾപ്പെടെ എട്ട് പേരും കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 11 പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.രാജ്യമെമ്പാടുമായി 93 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. എൻഐഎ രൂപീകരിച്ചതിനു ശേഷം ആദ്യമായി നടന്ന ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് ദേശിയ അന്വേഷണ ഏജൻസി പറഞ്ഞു.

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്മാന് ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ഇന്ന് പുലർച്ചെയാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും എൻ.ഐ.എ, ഇ.ഡി സംഘം പരിശോധന തുടങ്ങിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.