കൂട്ടാംവിളയിൽ 15 ചാക്ക് ലഹരിപദാർഥങ്ങൾ പിടികൂടി
Wed, 25 Jan 2023

തിരുവനന്തപുരം: തിരുമല കൂട്ടാംവിളയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിപദാർഥങ്ങൾ പൂജപ്പുര പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മൊജഹിത് മംസൈഡി എന്ന 39-കാരനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് തിരുമല സ്വദേശിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. എന്നാൽ, വിൽപന നടത്താനായി ലഹരിപദാർഥങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിവരം ഉടമ അറിഞ്ഞിരുന്നില്ല. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി പൊലീസ് റെയ്ഡ് നടത്തി ലഹരിപദാർഥങ്ങൾ പിടിച്ചെടുത്തത്. 15 ചാക്ക് വരുന്ന നിരോധിത ലഹരിവസ്തുക്കളായ ശംഭു, പാൻപരാഗ് തുടങ്ങിയ പദാർഥങ്ങളാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു.