Times Kerala

 112 തീരദേശറോഡുകൾ നാടിന് സമർപ്പിച്ചു

 
saji cheriyan
 തിരുവനന്തപുരം:  തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനിയറിങ് വകുപ്പ് നിർമിച്ച 112 തീരദേശ റോഡുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  ഓൺലൈൻ  ഉദ്ഘാടനത്തിലൂടെ നാടിന് സമർപ്പിച്ചു. പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായാണ് റോഡുകൾ നിർമിച്ചത്. ആകെ 62.7 കിലോമീറ്റർ നീളം വരുന്ന റോഡുകൾ 44.40 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കൽ വരുന്ന 1,850 റോഡുകൾ നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുകയും 1,205 റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്ത പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

Related Topics

Share this story