മലപ്പുറം ജില്ലയിലെ പട്ടിക വിഭാഗക്കാർക്ക് 109.28 ഹെക്ടർ ഭൂമി അഞ്ച് മാസത്തിനകം നൽകും

 മലപ്പുറം ജില്ലയിലെ പട്ടിക വിഭാഗക്കാർക്ക് 109.28 ഹെക്ടർ ഭൂമി അഞ്ച് മാസത്തിനകം നൽകും
മലപ്പുറം: ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാൻ കർമപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇതിന്റെ ഭാഗമായി ജില്ലയിൽ 109.28 ഹെക്ടർ ഭൂമി പട്ടിക വിഭാഗക്കാർക്ക് അഞ്ച് മാസത്തിനകം നൽകുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10736 പട്ടയങ്ങൾ ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്ത മലപ്പുറം മാതൃക സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കും. പട്ടയവിതരണത്തിന്റെ വേഗവും എണ്ണവും വർധിപ്പിക്കും. തിരൂർ താലൂക്കിലെ കൊടക്കൽ ടൈൽ ഫാക്ടറി ഏറ്റെടുത്ത് അർഹതപ്പെട്ടവർക്ക് പതിച്ചുനൽകാൻ നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
കലക്ടർ മുതൽ തഹസിൽദാർ വരെയുള്ള ഉദ്യോഗസ്ഥർ പ്രത്യേകപരിപാടി തയ്യാറാക്കി എല്ലാ മാസവും വില്ലേജ് ഓഫീസുകളിൽ സന്ദർശനം നടത്തും. വില്ലേജ് തല ജനകീയ സമിതിയുടെ യോഗം കൃത്യമായി ചേരണമെന്നും മന്ത്രി നിർദേശിച്ചു. ഫയൽ നീക്കം കാര്യക്ഷമമാക്കാൻ തുടർച്ചയായി ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും.
ഭൂമി തരം മാറ്റിനൽകുമെന്ന് അവകാശപ്പെടുന്ന ഏജൻസികളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ഏജന്റുമാർക്കെതിരെ കർശനമായി നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ താലൂക്കിലെ ഏതാനും കോളനികളിൽ താമസിക്കുന്നവർക്ക് പട്ടയമില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്ക് ഉടമസ്ഥാവകാശം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലയിൽ 53 കിലോമീറ്റർ ദൂരം കടന്നുപോകുന്ന ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this story