ചെരിപ്പുകടയിൽനിന്ന് പത്ത് ലക്ഷം രൂപ കവർന്നു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
May 27, 2023, 09:55 IST

തിരൂർ: ചെരിപ്പുകടയിൽ നിന്ന് പത്ത് ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി തിരൂർ പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചയാണ് പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ കവർച്ച നടന്നത്. കോലുപാലം സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീനാണ് (24) കേസിൽ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് കോലൂപാലത്തുവെച്ച് പിടികൂടി. സ്ഥാപനത്തിലെ സി.സി.ടി.വി മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാവ് എടുത്തുകൊണ്ടുപോയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് പ്രതി. പണത്തിന് അത്യാവശ്യം വന്നതിനാലാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
