തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കടുത്ത ആത്മവിശ്വാസത്തിലും അതേസമയം നേരിയ ആശങ്കയിലുമാണ് മുന്നണികൾ. നേമത്ത് ഇക്കുറി കടുത്ത മത്സരമാണ് നടന്നതെന്ന കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ഒരേ അഭിപ്രായമാണുള്ളത്.(Unpredictable fight in Nemom, Suspense till the last moment on Assembly election )
പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നും മണ്ഡലം നിലനിർത്തുമെന്നുമാണ് ബിജെപിയുടെ ഉറച്ച വിശ്വാസം. രണ്ടായിരം മുതൽ മൂവായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. രണ്ടായിരത്തിന് മുകളിൽ മാത്രം ഭൂരിപക്ഷം ലഭിക്കാവുന്ന കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് സിപിഎം വിലയിരുത്തൽ.
മുസ്‌ലിം വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി ഭിന്നിപ്പിച്ചത് തിരിച്ചടിയായോ എന്ന് എൽഡിഎഫ് സംശയിക്കുന്നു. വി. ശിവൻകുട്ടിയാണ് മുന്നണിയുടെ സ്ഥാനാർഥി. ബിജെപിയെ തടയാൻ മതേതര വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ തവണ ലഭിച്ച ആറായിരത്തിലേറെ വോട്ടിന്റെ ലീഡിലാണ് ബിജെപിയുടെ പ്രധാന പ്രതീക്ഷ. തീരദേശ വോട്ടുകൾ ഇത്തവണ തങ്ങളെ കൈവിടില്ലെന്നും ബിജെപി നേതാക്കൾ വിശ്വസിക്കുന്നു.
മണ്ഡലത്തിലെ നിർണ്ണായകമായ വോട്ടുകൾ ഇത്തവണ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ശക്തമായ ത്രികോണ മത്സരം നടന്നതിനാൽ വോട്ട് വിഭജനം തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ കരുതുന്നു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ അവസാന നിമിഷം വരെ സസ്പെൻസ് നീളുന്ന പോരാട്ടത്തിനാണ് നേമം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

