HomeKerala Assembly Election 20265 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്ന് BJP: സഭാ തർക്കം...

5 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്ന് BJP: സഭാ തർക്കം വേണ്ടെന്നും ധാരണ, ശോഭ സുരേന്ദ്രനെതിരെ വിമർശനം | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ നടന്ന പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.(BJP says it will get 5 to 7 seats, No need for church dispute)

നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ബിജെപി കണക്കുകൂട്ടുന്നു. ബൂത്ത് തലത്തിലുള്ള വോട്ട് കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി വിവരങ്ങൾ ശേഖരിക്കും.

ക്രൈസ്തവ സഭകളെ കടന്നാക്രമിച്ച ഷോൺ ജോർജിന്റെ നിലപാടിനെതിരെ കോർ കമ്മിറ്റിയിൽ വിമർശനമുയർന്നു. എന്നാൽ, താൻ സഭയെയോ നേതൃത്വത്തെയോ അല്ല, മറിച്ച് കോൺഗ്രസ് അനുകൂല നിലപാടെടുത്ത ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. ക്രൈസ്തവ വോട്ടുകളിൽ ലക്ഷ്യം വെക്കുന്ന പാർട്ടിയുടെ നിലപാടിനെ ഇത്തരം വിവാദങ്ങൾ ബാധിക്കുമെന്ന് വിലയിരുത്തിയ നേതൃത്വം, സഭാ നേതൃത്വത്തിനെതിരെ തൽക്കാലം പരസ്യ വിമർശനങ്ങൾ വേണ്ടെന്ന് നിർദ്ദേശം നൽകി.

ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി. ശോഭയുടേതെന്ന പേരിൽ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഈ പരാമർശം പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെ. സോമൻ യോഗത്തിൽ പരാതിപ്പെട്ടു. വിഷയത്തിൽ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

Clickable Info Box