കേരള സ്കൂള്‍ കലോത്സവം: കുട്ടിക്കൂട്ടം 23 ന് കൊട്ടിപ്പാടി തുടങ്ങും
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തുന്ന കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരകരാകാന്‍ ഒരുങ്ങുകയാണ് മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക ഗവ.യു.പി.സ്കൂള്‍ കുട്ടികള്‍. കലോത്സവത്തിന് മുന്നോടിയായും ഉദ്ഘാടന ദിനത്തിലും വാദ്യമേളങ്ങള്‍ തീര്‍ക്കാന്‍ മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക സ്കൂളിലെ 60 അംഗ കുട്ടിക്കൂട്ടം തയ്യാറായി കഴിഞ്ഞു. നവബര്‍ 23 ന് കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലും കുട്ടിക്കൂട്ടം പഞ്ചാരിമേളം തീര്‍ക്കും.കലോത്സവത്തിന്റെ ഉദ്ഘാടന ദിനമായ നവംബര്‍ 28 ന് രാവിലെ ഐങ്ങോത്തെ മുഖ്യ വേദിയിലും ഇവര്‍ താളപ്പെരുക്കത്തിന്റെ വിസ്മയവിരുന്ന് ഒരുക്കും.
നവംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് ഇക്ബാല്‍ സ്കൂള്‍ പരിസരത്ത് നിന്ന് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ടിന് തുടക്കമാവും. 3.30 ന് വെള്ളിക്കോത്തും 4.15 ന് കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപവും അഞ്ചുമണിക്ക് മാന്തോപ്പിലും 5.45 ന് നീലേശ്വരത്തും ചെണ്ടമേളം തീര്‍ത്ത ശേഷം 6.30 ന് അതിയാമ്പൂര് പാര്‍ക്കോയില്‍ സമാപിക്കും. കലോത്സവ പ്രചരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.