മാവോയിസ്റ്റ് ഭീഷണി; നവകേരള സദസ്സിന് അധിക സുരക്ഷ ഒരുക്കി പൊലീസ്
Nov 18, 2023, 11:07 IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുൻകൂട്ടി തീരുമാനിച്ചതിലും അധികമായി സുരക്ഷ ഏർപ്പെടുത്താൻ പൊലീസ്. കോഴിക്കോട് ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസ്സിനെത്തുന്ന പൊതുജനങ്ങൾക്കെല്ലാം പ്രവേശനം നൽകുമെങ്കിലും കനത്ത പരിശോധനയ്ക്ക് ശേഷമായിരിക്കും അകത്തേക്ക് വിടുക.

കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സി.പി.ഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലായിരുന്നു കത്ത്. കത്ത് കിട്ടിയ വിവരം കലക്ടറും രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഇതോടുകൂടി നവകേരള സദസ്സിന് നൽകാൻ തീരുമാനിച്ചിരുന്ന സുരക്ഷ വർധിപ്പിക്കുകയായിരുന്നു.