പെരുമ്പാമ്പിനെ പിടികൂടി, ക്രൂരമായി ഉപദ്രവിച്ചു, കഴുത്തിൽ കുരുക്കിട്ടു, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിൽ കുരുക്കിട്ട നിലയിലുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെറിയ അരീക്കാമല പുഴക്കുളങ്ങര വീട്ടിൽ ഉമേഷിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഇയാൾ പെരുമ്പാമ്പിനെ പിടികൂടുകയും കയറുകൊണ്ട് കെട്ടുകയും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു. പെരുമ്പാമ്പിനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് ശ്രദ്ധയിൽ പെട്ട പരിസ്ഥിതി പ്രവർത്തകനായ വിജയ് നീലകണ്ഠൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ പെരുമ്പാമ്പിനെ കൊല്ലാതെ സമീപത്തുതന്നെ വിട്ടയച്ചതായി തളിപ്പറമ്പ് റേഞ്ചർ ജയപ്രകാശ് അറിയിച്ചു. പാമ്പിനെ സമീപത്തെ വീട്ടുപറമ്പിൽ പിന്നീട് കണ്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു.