വ്യാജ ഫോൺ നമ്പർ ചേർത്ത് അക്കൗണ്ടിൽ നിന്നും പണം തട്ടി;
കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽനിന്നും പണം കവർന്നതായി പരാതി. അണക്കര ശാഖയിലെ യൂണിയൻ ബാങ്കിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽനിന്നും അക്കൗണ്ട് ഉടമ അറിയാതെ നാലുതവണയായി 35,000 രൂപയാണ് നഷ്ട്ടമായത്.ചക്കുപള്ളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ചോർന്നത്. ബാങ്കിൽ നിന്ന് ഇതുവരെ എടിഎം കാർഡ് കൈപ്പറ്റിയിട്ടില്ല എന്ന് ഉടമ അറിയിച്ചു.അക്കൗണ്ട് ഉടമ 12 വർഷമായി ചെന്നൈയിൽ ആണെങ്കിലും ഒരു വർഷം മുൻപ് വരെ ഇടയ്ക്കിടെ നാട്ടിലെത്തുകയും അക്കൗണ്ടിൽ ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ വന്നിരുന്നില്ല. ഈ ഒരു വർഷത്തിനിടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഫോണ് നമ്പർ നൽകിയിട്ടില്ലാത്ത അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിൽനിന്നും ഒരു തെലുങ്കാന സ്വദേശിയുടെ ഫോണ് നമ്പറിൽ ഉപയോഗിച്ചാണ് പണം അപഹരിച്ചിരിക്കുന്നത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കാണാതായതിനെ സംബന്ധിച്ച് ബാങ്കിന്റെ ശാഖാ മാനേജരോടു പരാതിപ്പെട്ടപ്പോൾ അക്കൗണ്ട് ഉടമയെ അപമാനിച്ചതായും പണത്തിനു ബാങ്കിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞതായും ആക്ഷേപമുണ്ട്. അക്കൗണ്ടിൽനിന്നും പണം പോയത് അക്കൗണ്ട് ഉടമയുടെ പിഴവാണെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.12 വർഷമായി ചെന്നൈയിലായിരുന്ന അക്കൗണ്ട് ഉടമയ്ക്ക് വാർധക്യ പെൻഷനായും മക്കൾ അയച്ചു നൽകിയതുമായ തുകയാണ് നഷ്ടപ്പെട്ടത്.