പൂപ്പാറയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; സഹോദരങ്ങളായ യുവാക്കൾക്ക് ക്രൂര മർദ്ദനം
ഇടുക്കി: പൂപ്പാറയിൽ മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ സഹോദരങ്ങളായ രണ്ടു പേർക്ക് പരിക്ക്. പൂപ്പാറ ബിവറേജസ് ഔട്ടലെറ്റിൽ മദ്യം വാങ്ങാനെത്തിയ സംഘമാണ് അക്രമം നടത്തിയത്. ബീവറേജിന് സമീപത്തായി കട നടത്തുന്ന നെടുങ്കണ്ടം സ്വദേശി റോഷിയുടെ മക്കളായ ജോയൽ, സഹോദരൻ ജോമൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യ ലഹരിയിലായിരുന്ന സംഘം കടയിൽ സാധനം വാങ്ങുന്നതിനായി കയറിയ ശേഷം സഹോദരങ്ങളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് സഹോദരങ്ങളെ കടയിൽ നിന്ന് വലിച്ചു പുറത്തിട്ട് തല്ലിച്ചതക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.പരിക്കേറ്റ ജോയലിനെയും ജോമലിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.