Times Kerala

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാൻ ഊർജിത പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

 
വീണ
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വ്യക്തികൾക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിക്കാനാകും. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുൻകരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Related Topics

Share this story