Times Kerala

ഭിന്നശേഷിക്കാരനായ മലയാളിയോട് കൊച്ചി വിമാനത്താവളത്തിൽ മോശം പെരുമാറ്റം

 
നാഷണൽ
ന്യൂഡൽഹി: ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ കൊച്ചി വിമാനത്താവളത്തിൽ മോശം അനുഭവം. സുരക്ഷാ പരിശോധനയുടെ പേരിൽ ഭിന്നശേഷിക്കാരനെ ബുദ്ധിമുട്ടിച്ച സംഭവത്തിൽ സി.ഐ.എസ്.എഫ്. അന്വേഷണം നടത്തും. ദുരനുഭവമുണ്ടായത് ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകൻ ജസ്റ്റിൻ മാത്യുവിനാണു. ഇടുക്കി സ്വദേശിയായ ജസ്റ്റിൻ ഡൽഹി ഹൻസ്‌രാജ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് അഴിച്ചു മാറ്റി പരിശോധിച്ച ശേഷമേ കടത്തിവിടൂവെന്ന് ശസ്ത്രക്രിയയ്ക്കുശേഷം കാലിൽ ലോഹ ദണ്ഡ് ഘടിപ്പിച്ചിട്ടുള്ള ജസ്റ്റിനോടു വാശി പിടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് നിന്നു കൊണ്ട് ഷൂസ് അഴിച്ചുമാറ്റുക സാധ്യമല്ലായിരുന്നതിനാൽ ഒടുവിൽ മുതിർന്ന ഉദ്യോഗസ്ഥനെത്തി പ്രത്യേക മുറിയിൽ കൊണ്ടു പോയി ഷൂസ് അഴിച്ചു മാറ്റുകയും പരിശോധിക്കുകയും ചെയ്ത ശേഷമാണു യാത്ര തുടരുന്നത് അനുവദനീയമായത്. സുരക്ഷാ പരിശോധനയുടെ പേരിൽ ശാരീരിക പരിമിതിയുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നു കോടതികളുടെ ഉൾപ്പെടെ പ്രത്യേക നിർദേശമുള്ളതാണ്.

Related Topics

Share this story