ഒ.ടി.ടി റിലീസ് വിലക്കുമായി തിയേറ്റര്‍ സംഘടന ‘ഫിയോക്ക്’
ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. തിയേറ്റര്‍ റിലീസിന് മുന്‍പ് ചിത്രങ്ങള്‍ റിലസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ഒ.ടി.ടി റിലീസിന് അനുമതി നല്‍കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. റിലീസിന് മുമ്പ് തന്നെ പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പുവച്ച കത്തില്‍ പറയുന്നു.