Times Kerala

എന്റെ  ആദരവും ഉത്തരവാദിത്വവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല..; വിമര്‍ശിച്ച യുവതിക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍

 
എന്റെ  ആദരവും ഉത്തരവാദിത്വവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല..; വിമര്‍ശിച്ച യുവതിക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍

താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു എന്ന യുവതിയുടെ  വിമര്‍ശനത്തിന് ബച്ചന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

80 വയസുള്ള തന്റെ അച്ഛന് തെറ്റായി പരിശോധന നടത്തിയതോടെ കോവിഡ് 19 പോസിറ്റീവായെന്നും ഡോക്ടര്‍മാരുടെ നിരുത്തരവാദിത്വം കൊണ്ട് ഒരുപാട് അനുഭവിക്കേണ്ടി വന്നതായും ജാന്‍വി എന്ന യുവതി ബച്ചന്റെ ഒരു പോസ്റ്റിന് കമന്റായി കുറിച്ചു.

”മനുഷ്യജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഃഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു” എന്ന് യുവതി കുറിച്ചു. പിന്നാലെ മറുപടിയുമായി ബച്ചനും രംഗത്തെത്തി.

”ജാന്‍വി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ ഒരുപാട് മെഡിക്കല്‍ കണ്ടീഷനുകളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും മാനേജ്‌മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.”

”ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റു പറ്റാം. എന്നാല്‍ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശിപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു.”

”ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. നാനാവതി ആശുപത്രിയില്‍ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം എന്റെ ആദരവും ഉത്തരവാദിത്വവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല” എന്നാണ് ബച്ചന്റെ മറുപടി.

Related Topics

Share this story