'സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം'; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം

സമീപകാലത്ത് മലയാള സിനിമാ മേഖലയിൽ ഉയർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുകയാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും ഇത് സജീവമായത്. ഈ സാഹചര്യത്തിൽ ഇക്കാര്യത്തെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"ഈ ഡ്രഡ്സൊക്കെ കണ്ടുപിടിച്ചിട്ട് എത്രകാലമായി. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..ഇതൊക്കെ കൊണ്ടുവന്നത് സിനിമാക്കാർ ആണോ. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ അല്ല കൊണ്ടുവന്നത്. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ അന്വേഷിക്കണം ", എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. മാധ്യമങ്ങളിലെ വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, കൃഷ്ണ പ്രഭ, പ്രിയ വാര്യർ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിരാണ് ചിത്രം നിർമിക്കുന്നത്.