പിതാവിന്റെ വേര്‍പാടില്‍ ഹൃദയഭേദകമായ കുറിപ്പെഴുതി നടൻ ആയുഷ്മാന്‍ ഖുറാന

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആയുഷ്മാന്‍ ഖുറാന. ആദ്യം അവതാരകനായും പിന്നീട് ഗായകനായും അഭിനേതാവായും തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ താരമാണ് അദ്ദേഹം. താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് നടന്റെ പിതാവ് അന്തരിച്ചത്. അച്ഛന്റെ വേർപാടിൽ വികാരഭരിതമായ കുറിപ്പ് പങ്കുവർക്കുകയാണ് നടൻ.

ആയുഷ്മാൻ ഖുറാനയുടെ പിതാവും പ്രശസ്ത ജ്യോതിഷിയുമായിരുന്ന പി ഖുറാന മെയ് 19 നാണ് അന്തരിച്ചത്. ‘‘അമ്മയെ പരിപാലിക്കുകയും എപ്പോഴും കൂടെ ഉണ്ടായിരിക്കുകയും വേണം. അച്ഛനെപ്പോലെയാകണമെങ്കിൽ അച്ഛനില്‍ നിന്ന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അച്ഛൻ ഞങ്ങളോട് വളരെ ദൂരെയാണെന്നും വളരെ അടുത്താണെന്നാണ് തോന്നുന്നത്... അച്ഛന്റെ സ്നേഹത്തിനും നർമ്മബോധത്തിനും ഏറ്റവും മനോഹരമായ ഓർമ്മകൾക്കും നന്ദി...ജയ് ജയ്...’’ എന്നാണ് ആയുഷ്മാന്‍ ഖുറാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.