ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴയീടാക്കില്ല

തിരുവനന്തപുരം: എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. രണ്ട് പേരെ കൂടാതെ പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വരുന്നത് വരെ ഇളവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അത് വരെ പിഴയീടാക്കില്ലെന്നും ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുടമകളോട് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. നേരത്തെ സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ചതാണ്. ബസുടമകള്‍ ആഗ്രഹിച്ചതുപോലെയുള്ള ബസ് ചാര്‍ജ് വര്‍ധനയും നടപ്പിലാക്കിഎന്ന്നും മന്ത്രി പറഞ്ഞു.
ഇതിന് ശേഷം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി വീണ്ടും സമരത്തിനിറങ്ങി പുറപ്പെടുന്നത് ശരിയാണോ എന്ന് ബസുടമകള്‍ പരിശോധിക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു.