ബ്രഹ്മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായ ഉടന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ മന്ത്രിമാരുടെ യോഗം വിളിച്ചു. മന്ത്രിമാര്‍ തുടക്കം മുതല്‍ ഏകോപനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപിടിത്തത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ത്രിതല അന്വേഷണമാണ് ബ്രഹ്മപുരത്ത് നടത്തുക. ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കും. വിഷയത്തില്‍ കോര്പറേഷന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ് മീറ്ററോളം താഴ്ചയില്‍ തീപിടിച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കി. തീ അണയ്ക്കാന്‍ പ്രയാസം ഉണ്ടായി. ഇരുനൂറ്റിയമ്പതോളം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഉപയോഗപ്പെടുത്തി. കൃത്രിമ മഴ അടക്കമുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നു. എന്നാല്‍ പ്രായോഗികമല്ലാത്തതിനാല്‍ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. തീപിടിത്തം മൂലം കൊച്ചിയില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1335 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 21 പേര്‍ക്ക് കിടത്തി ചികിത്സ നല്കി.തീപിടിത്തമുണ്ടായി പതിമൂന്നാം ദിവസമാണ് വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയുന്നത്. അതേസമയം മുഖ്യമന്ത്രി പ്രസ്താവന നടത്തുന്ന സമയത്ത് പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നില്ല.തുടര്‍ച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.