വ്യാജ ഐ ഡി കാർഡ് നിർമിക്കാൻ ഹാക്കർമാരെ ഉപയോഗിച്ചു; യൂത്ത് കോൺഗ്രസിനെതിരെ എ.എ റഹീം എം.പി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ അനുകൂലമാക്കാൻ ഹാക്കർമാരുടെ സഹായം തേടിയിട്ടുണ്ടെന്ന് എഎ.റഹിം എം.പി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ഇതിനായി ഉപയോഗിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. ഈ ഹാക്കർക്കെതിരെ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു കേസ് ഡൽഹിയിലുണ്ടെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന് വിഷയത്തിൽ കീ റോളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വി.ടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളതെന്നും എ.എ റഹീം പറഞ്ഞു. സംഘടിത കുറ്റമാണ് തെരഞ്ഞെടുപ്പിൽ നടന്നത്. ഗൗരവമറിയാതെ കൗമാരക്കാരായ നിരപരാധികൾ ഇതിൽ കുടുങ്ങി. വിഷത്തിൽ എ.ഐ.സി.സി നേതൃത്വം ഒന്നും പറയാത്തത് എന്താണെന്നും റഹീം ചോദിക്കുന്നു. തെളിവ് നശിപ്പിക്കും മുമ്പ് സമഗ്രമായ അന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നൽകിയിട്ടിട്ടുണ്ടെന്നും എ.എ.റഹീം എം.പി പറഞ്ഞു.