തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ചരിത്രവിജയം നേടിയതിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം തുടർന്ന് ബി.ജെ.പി. കേരളത്തിൽ ഒരു കോർപ്പറേഷനടക്കം പിടിച്ചെടുക്കാൻ ബി.ജെ.പിക്ക് ഇത്തവണ കഴിഞ്ഞു. കേവലം വിജയത്തിനപ്പുറം, കൂടുതൽ മേഖലകളിലേക്ക് മത്സരം വ്യാപിപ്പിക്കാനും യു.ഡി.എഫിനും എൽ.ഡി.എഫിനും കാര്യങ്ങൾ കടുപ്പമാക്കാനും ബി.ജെ.പിക്ക് സാധിച്ചു എന്നതാണ് പ്രധാന നേട്ടം.(After the Lok Sabha elections, BJP shines in the local body elections)
കേരളം പിടിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ബി.ജെ.പി. ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വോട്ട് കുറയുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിരുന്നത്. എന്നാൽ, തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിലൂടെ ബി.ജെ.പി. കൂടുതൽ ശക്തിയാർജ്ജിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ യു.ഡി.എഫിന് അനുകൂലമായി വീശിയ രാഷ്ട്രീയക്കാറ്റ് തിരുവനന്തപുരത്ത് ബി.ജെ.പിക്ക് അനുകൂലമായി മാറി വീശി. കഴിഞ്ഞ അഞ്ച് തവണയായി കേവല ഭൂരിപക്ഷത്തോടെ ഭരിക്കുകയും മൂന്ന് പതിറ്റാണ്ടിലേറെയായി കോർപ്പറേഷനിൽ ആധിപത്യം പുലർത്തുകയും ചെയ്ത സി.പി.എമ്മിനെ 29 സീറ്റുകളിലേക്ക് ഒതുക്കി നിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.
കോർപ്പറേഷനിൽ 50 സീറ്റുകളാണ് ബി.ജെ.പി. നേടിയെടുത്തത്. 2020-ൽ ബി.ജെ.പി.യുടെ വളർച്ച തടയാൻ മതേതര ചിന്താഗതിയുള്ള വോട്ടർമാർക്ക് കഴിഞ്ഞിരുന്നു.