"നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലെന്ന് ഞാൻ തിരിച്ചറിയുന്നു"; വിധിക്ക് ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അതിജീവിത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. അതേസമയം, കേസ് കൈകാര്യം ചെയ്ത രീതിയിലും തൻ്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടതിലും അവർ കടുത്ത വിമർശനവും ആശങ്കയും പങ്കുവെച്ചു.
കോടതിവിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020-ൽ തന്നെ ബോധ്യമായിരുന്നു."നിയമത്തിൻ്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന്, നിരന്തരമായി അനുഭവിച്ച വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷത്തിനുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി," അവർ കുറിച്ചു.
അധിക്ഷേപകരമായ കമൻ്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് തന്നെ ആക്രമിക്കുന്നവർ അത് തുടരണമെന്നും, അവർ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമർശിച്ചു.
കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റംവന്നിരുന്നുവെന്നും പ്രോസിക്യൂഷനും ഇക്കാര്യം മനസ്സിലായിരുന്നുവെന്നും അതിജീവിത ചൂണ്ടിക്കാട്ടി.
ഹർജികൾ: കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചു. എന്നാൽ കേസ് മാറ്റണമെന്ന തൻ്റെ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു.കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പ്രോസിക്യൂട്ടർമാർ സ്വകാര്യമായി പറഞ്ഞുവെന്ന് അവർ അവകാശപ്പെടുന്നു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് മൂന്നുതവണ തുറന്ന് പരിശോധിക്കപ്പെട്ട കാര്യവും അവർ പരാമർശിച്ചു.
മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി നിർദേശിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല.ആശങ്ക ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുംവരെ കത്തെഴുതിയ ശേഷം കേസിൽ പരസ്യ വിചാരണ ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുമല്ലോ എന്നാണ് കരുതിയതെങ്കിലും, ആ ആവശ്യവും നിഷേധിക്കപ്പെട്ടു.
ഒന്നാം പ്രതി തൻ്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നടി വ്യക്തമാക്കി.
"അയാൾ എൻ്റെ ഡ്രൈവറല്ല. എൻ്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തിൽ പരിചയമുള്ള ആളോ അല്ല. 2016-ൽ ജോലിചെയ്ത ഒരു സിനിമയ്ക്കുവേണ്ടി പ്രൊഡക്ഷനിൽനിന്ന് നിയോഗിച്ച ഒരാൾ മാത്രമാണയാൾ. കുറ്റകൃത്യം നടക്കുന്നതിനുമുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളത്," അതിജീവിത കൂട്ടിച്ചേർത്തു.

