സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികളുടെ 'ഹനുക്ക' ആഘോഷങ്ങൾക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.(Sydney terror attack, 16 people killed)
എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ആഘോഷമായ ഹനുക്കയുടെ ചടങ്ങുകൾക്കിടെ ഉച്ചയ്ക്ക് 2.17 നാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ രണ്ട് പേർ ചേർന്ന് 50 തവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തീവ്രവാദ ആക്രമണമായി പോലീസ് സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയത് പിതാവും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞു. 50 വയസ്സുകാരനായ പിതാവും 24 വയസ്സുള്ള മകനുമാണ് സംഭവത്തിന് പിന്നിൽ. ഇവർ പാകിസ്താനിലെ ലാഹോർ സ്വദേശികളായ നവീദ് അക്രം എന്നയാളാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
50 വയസ്സുകാരനായ തോക്കുധാരിയെ പോലീസ് വെടിവെച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇയാൾ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും ഇദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കമ്മീഷണർ മാൽ ലാൻയോൺ സ്ഥിരീകരിച്ചു. ആക്രമണത്തിന് ഈ ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം.
മകൻ 24 വയസ്സുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ല.
സംഭവസ്ഥലത്തിന് സമീപത്തുനിന്നും രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (IEDs) കണ്ടെത്തിയതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാൻയോൺ അറിയിച്ചു. അക്രമികളെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്പ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് പോലീസ് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.
ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. അതേസമയം, ഓസ്‌ട്രേലിയൻ ഭരണകൂടത്തെ വിമർശിച്ച് ഇസ്രയേൽ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണിതെന്നും, ഓസ്‌ട്രേലിയൻ ഭരണകൂടം മുന്നറിയിപ്പുകൾ അവഗണിച്ചു എന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തൽ.
ഇതിനിടെ, നിരായുധനായ ഒരു വ്യക്തി തോക്കുധാരിയെ ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇത് അക്രമികൾക്കെതിരെ നടന്ന ധീരമായ ചെറുത്തുനിൽപ്പിന്റെ സൂചന നൽകുന്നു.