സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം: 2 ഭരണപക്ഷ എംഎൽഎമാർ അടക്കം 14 എം എൽ എമാർക്കെതിരെ കേസ്
Thu, 16 Mar 2023

തിരുവനന്തപുരം : നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎ മാർ നടത്തിയ ഉപരോധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 14 എം എൽ എമാർക്കെതിരെ പോലീസ് കേസെടുത്തു. ഭരണപക്ഷത്തെ രണ്ടും പ്രതിപക്ഷത്തെ 12ഉം എം എൽ എമാർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎൽഎ മാറി കൂടാതെ നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെതിരെയും കേസുണ്ട്. സി പി എമ്മിൻ്റെ എം എൽ എമാരായ എച്ച് സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ്. സംഘർഷത്തിനിടെ കുഴഞ്ഞുവീണ സനീഷ് കുമാർ എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.ഉമ തോമസ്, അൻവർ സാദത്ത്, കെ കെ രമ, റോജി എം ജോൺ, പി കെ ബഷീർ, ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ് അടക്കമുള്ളവർക്കെതിരെയും കേസുണ്ട്. വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ചതിനാണ് ഇവർക്കെതിരെയുള്ള കേസ്. വനതി വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിലാണ് കേസ്. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിപക്ഷ എം എൽ എമാർക്കെതിരെ കേസെടുത്തത്.