മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
May 24, 2023, 18:58 IST

ഇംഫാൽ: വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ ഇന്ന് രാവിലെ നടന്ന തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ബിഷൻപ്പൂർ ജില്ലയിൽ നടന്ന സംഘർഷത്തിനിടെ തോയിജം ചന്ദ്രമണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗെൽമോൽ - ത്രോംഗ്ലയോബി ഗ്രാമത്തിലുള്ളവർ തമ്മിൽ നടന്ന തർക്കത്തിനിടെ വെടിയേറ്റാണ് ചന്ദ്രമണി മരിച്ചത്. സംഘർഷത്തിനിടെ നിരവധി വീടുകൾ അക്രമികൾ തീവച്ച് നശിപ്പിച്ചതായി പ്രദേശവാസികൾ അറിയിച്ചു.
മേയ് മൂന്നിന് ആരംഭിച്ച അതിക്രമങ്ങൾക്കിടെ 70 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,500 വീടുകൾ അക്രമികൾ തീവച്ച് നശിപ്പിച്ചു.