വായ്പ വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം; കേരളം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. 8,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം എടുക്കാവുന്ന വായ്പ 15,390 കോടി രൂപ മാത്രമായി. ഇതിൽ 2,000 കോടി രൂപ ഇതിനകം തന്നെ കേരളം വായ്പ എടുത്തു കഴിഞ്ഞിരുന്നു.
കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കേന്ദ്രത്തിന്റെ നടപടി. ഇതോടെ സംസ്ഥാന സർക്കാർ അടുത്തിടെ വർധിപ്പിച്ച നികുതി പണം കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.
കഴിഞ്ഞ സാന്പത്തിക വർഷം 23,000 കോടിയുടെ അനുമതിയുണ്ടായിരുന്നു. ഈ വർഷം 32,000 കോടി രൂപയാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നിരിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നടപടി സംസ്ഥാന സർക്കാരെ കടുത്ത സാന്പത്തിക പ്രതിസന്ധിലാകും. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ ഇതിനോടകം മുടങ്ങികിടക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽക്കാനും സർക്കാർ പ്രതിസന്ധി നേരിടും.