നിയമന കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; വ്യാജരേഖ ചമക്കലിന് കേസെടുക്കും

 നിയമന കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; വ്യാജരേഖ ചമക്കലിന് കേസെടുക്കും
 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വ്യാജരേഖ ചമക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക.ആരെയും പ്രതി ചേര്‍ക്കാതെയായിരിക്കും കേസെടുക്കുക അതേ സമയം ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവിയാകും തീരുമാനമെടുക്കുക. കത്ത് വിവാദത്തില്‍ നേരത്തെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരിക്കുന്നത്.


കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

Share this story