എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി; പ്രതി കുറ്റം സമ്മതിച്ചു

രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി എവിടെ നിന്നാണ് എ.കെ.ജി. സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടു കൂടി ജിതിനെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30-ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നത്. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
സ്ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയതും തുടർന്ന് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന് ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിയുകയുമായിരുന്നു.