ഭാര്യയുമായി ചാറ്റ് ചെയ്ത ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവ് കുത്തിക്കൊന്നു
പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ഭാര്യയുമായി അമിതമായി ചാറ്റ് ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെ യുവതിയുടെ ഭർത്താവ് അയജ് ഷെയ്ക്കും സുഹൃത്ത് സോണ്യ ബരതെയും ചേർന്ന്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. അയജിന്റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവർ ഒരിക്കൽ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. തന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്നതിൽ അയജ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ സുഹൃത്തിനൊപ്പം സൗരവിനെ കാണാനെത്തിയത്. ഇവിടെ വച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സൗരഭ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.