പീഡനത്തിനിരയായ പെൺകുട്ടിയെ പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; ക്രൂരത യുപിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡപ്പിക്കപ്പെട്ട പത്തൊൻപതുകാരിയെ പട്ടാപ്പകൽ വെട്ടികൊലപ്പെടുത്തി. സഹോദരങ്ങൾ ചേർന്നാണ് മൃഗീയമായ രീതിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇവരിലൊരാൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പത്തൊൻപതുകാരിയെ നാട്ടുകാരുടെ കൺമുന്നിലിട്ട് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.

മൂന്നു വർഷം മുമ്പ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് പവൻ നിഷാദ് പീഡനത്തിന് ഇരയാക്കിയത്. പവനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായ അശോക് നിഷാദ് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കുടുംബത്തെ സമീപിക്കുകയായിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ പെൺകുട്ടി കൂട്ടാക്കിയില്ല. രാവിലെ കന്നുകാലികളുമായി പാടത്തേക്ക് പോകുമ്പാൾ പെൺകുട്ടിയെ ഇവർ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.