

സിഡ്‌നി/ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിൽ (Bondi Beach) 15 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിലെ പ്രധാന പ്രതി ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം ആണ് അക്രമികളിലൊരാൾ എന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി.
1998-ലാണ് സാജിദ് അക്രം ജോലി തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അവിടെ വെച്ച് ഒരു യൂറോപ്യൻ വനിതയെ വിവാഹം കഴിച്ചു.ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയിട്ടും ഇയാൾ ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ചിരുന്നതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ നവംബർ ഒന്നിന് ഫിലിപ്പീൻസ് സന്ദർശിച്ചതും ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ്.
1998-ന് ശേഷം മാതാപിതാക്കളെ കാണാനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കുമായി ആറു തവണ മാത്രമാണ് ഇയാൾ ഇന്ത്യയിൽ വന്നത്. 2022-ലായിരുന്നു അവസാന സന്ദർശനം. സാജിദ് അക്രമും മകൻ നവീദ് അക്രമും നടത്തിയ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മകൻ നവീദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും ഭീകരസംഘടനയായ ഐഎസിൻ്റെ (ISIS) ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് സ്ഥിരീകരിച്ചു.
സാജിദ് അക്രമിന് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുൻപ് ഇന്ത്യയിൽ കുറ്റകൃത്യ പശ്ചാത്തലം ഒന്നുമുണ്ടായിരുന്നില്ലെന്ന് തെലങ്കാന പോലീസ് അറിയിച്ചു. ഇയാളുടെ ഇന്ത്യയിലെ ബന്ധുക്കളുമായി അന്വേഷണ സംഘം സംസാരിച്ചുവരികയാണ്.