ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇന്ത്യൻ വംശജയെ USൽ തടവിലാക്കിയെന്ന് റിപ്പോർട്ട് | US

മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടാകുന്നതെന്ന് ഇവരുടെ മകൾ പറഞ്ഞു
Indian-origin woman detained in US during green card interview
Updated on

വാഷിങ്ടൺ: 30 വർഷത്തിലധികമായി യു.എസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയെ ഗ്രീൻ കാർഡ് അഭിമുഖത്തിന്റെ അവസാന ഘട്ടത്തിൽ യു.എസ്. അധികൃതർ തടവിലാക്കിയതായി റിപ്പോർട്ട്. ബബിൽജിത് കൗർ എന്ന യുവതിയെയാണ് ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തത്.(Indian-origin woman detained in US during green card interview)

ഗ്രീൻ കാർഡ് അഭിമുഖത്തിന്റെ അവസാന ഘട്ടമായ ബയോമെട്രിക് സ്കാൻ അപ്പോയിന്റ്മെന്റിനെത്തിയപ്പോഴാണ് ബബിൽജിത് കൗറിനെ കസ്റ്റഡിയിലെടുത്തതെന്ന് മകൾ ജ്യോതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ ഒന്നിനാണ് കൗർ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഓഫീസിൽ ബയോമെട്രിക് സ്കാനിങ്ങിനായി എത്തിയത്.

ഓഫീസിലേക്ക് നിരവധി ഫെഡറൽ ഏജന്റുമാർ എത്തുകയും കൗറിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ജ്യോതി പറഞ്ഞു. അഭിഭാഷകയുമായി സംസാരിക്കാൻ അവസരം ലഭിച്ചെങ്കിലും വ്യക്തമായ കാരണങ്ങൾ പറയാതെയാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നും മകൾ ആരോപിച്ചു.

അറസ്റ്റിന് ശേഷം മണിക്കൂറുകളോളം ബബിൽജിത് കൗറിനെ എങ്ങോട്ടാണ് മാറ്റിയതെന്നതിനെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷമാണ് മുൻ ഫെഡറൽ ജയിലായിരുന്ന അഡെലാൻ്റോയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചത്. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചകൾക്ക് നിയന്ത്രിത സമയമാണുള്ളതെന്നും, അധികൃതരുടെ ഭാഗത്ത് നിന്ന് മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടാകുന്നതെന്നും മകൾ ജ്യോതി ആരോപിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി കൗറും ഭർത്താവും ബെൽമോണ്ട് ഷോറിൽ റെസ്റ്റോറന്റ് നടത്തിവരികയാണ്. യു.എസിലേക്ക് കുടിയേറിയ ശേഷം ആദ്യം ലഗൂണ ബീച്ചിൽ സ്ഥിരതാമസമാക്കിയ ഇവർ പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ബെൽമോണ്ട് ഷോറിലേക്ക് താമസം മാറ്റി. കൗറിന് മൂന്ന് മക്കളുണ്ട്. ഇവരെല്ലാം യു.എസ്. പൗരന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com