

ലക്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം തടവിലാക്കി പീഡിപ്പിച്ചു. സംഭവത്തിൽ 22-കാരനായ രഞ്ജിത് പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ ഒന്നിനാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16-കാരിയെ കാണാതായത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ദുബാർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. പ്രതിയായ രഞ്ജിത് പാലുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും, എന്നാൽ ഇയാൾ തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്കൊപ്പം പോക്സോ (POCSO) നിയമപ്രകാരവും കേസെടുത്തു. ചൊവ്വാഴ്ച ദുബാർ പട്ടണത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി എസ്‌പി ഓംവീർ സിംഗ് അറിയിച്ചു.