രാജാക്കാട്: ഇടുക്കി രാജകുമാരി നടുമറ്റത്ത് പകൽ സമയത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലാണ് സംഭവം. ടോമിയുടെ അമ്മ മറിയക്കുട്ടി (80) യെയാണ് അക്രമിസംഘം അപായപ്പെടുത്തിയത്.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന മൂന്നംഗ സംഘമാണ് വീട്ടിൽ അതിക്രമിച്ചു കയറിയത്. ഈ സമയം മറിയക്കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വയോധികയെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിട്ടു. തുടർന്ന് അവരുടെ വിരലിലുണ്ടായിരുന്ന ഒരു പവൻ വരുന്ന മൂന്ന് മോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും സംഘം കവർന്നു.
അക്രമികൾ പണം തിരയുന്നതിനിടെ കെട്ടഴിച്ച് പുറത്തേക്കോടിയ മറിയക്കുട്ടി ബഹളം വെച്ച് ആളെക്കൂട്ടി. സമീപത്തെ പറമ്പിൽ ജോലി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു.
രാജാക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വീടിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.