

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് കേസിൽ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ യൂട്യൂബറുമായ ബ്ലെസ്‌ലി (Blesslee) അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിൽ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഈ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്ത രണ്ട് പ്രതികൾ നിലവിൽ ജയിലിലാണ്. കോടികളുടെ തട്ടിപ്പാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.
കേസിൽ എട്ടു പ്രതികൾ ഇതിനോടകം വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കൂടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാനമായ തട്ടിപ്പുകൾ നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.
കൂടുതൽ പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.