പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഈ മാസം 20 തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതി ചെന്താമരയുടെ കൗൺസിലിംഗ് അടക്കമുള്ള വിവരങ്ങൾ അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു.(Nenmara Double Murder Case Verdict On Monday)
എന്നാൽ ഈ റിപ്പോർട്ടിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. മിറ്റിഗേഷൻ റിപ്പോർട്ടിൽ പ്രതിയായ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്വന്തം കണ്ടെത്തലുകൾ ഒന്നും റിപ്പോർട്ടിലില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് കൃത്യമായ ചികിത്സ നൽകാത്തത് കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം ഇരയായ സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാദവും അംഗീകരിക്കാനാകില്ല. കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത ചെന്താമരയുടെ ഏക ദുഃഖം സ്വന്തം ഭാര്യയും മകളും തന്നെ വിട്ടുപോയത് മാത്രമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാൽ പരമാവധി ശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയാക്കിയ കോടതി തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കാനായി മാറ്റിവെക്കുകയായിരുന്നു.
Story Summary
The Palakkad Additional Sessions Court will announce the sentence for the accused, Chenthamara, in the Nenmara twin murder case on Monday. During the hearing, the prosecution strongly opposed the mitigation report submitted by the Legal Services Authority, arguing it merely repeated the accused’s excuses and showed no genuine remorse for the victims.


