റായ്പൂർ: രാജ്യത്തെ E20 ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് വാഹന ഉടമയ്ക്ക് അനുകൂലമായി ചരിത്രപരമായ വിധി പ്രസ്താവിച്ച് റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. E20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് തന്റെ വാഹനത്തിന്റെ എഞ്ചിന് ഗുരുതരമായ തകരാറുകൾ സംഭവിച്ചതായി കാണിച്ച് ഉപഭോക്താവ് നൽകിയ പരാതിയിലാണ് കോടതി വിധി. E20 ഇന്ധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പുറത്തുവരുന്ന ഇത്തരത്തിലുള്ള ആദ്യ ഉപഭോക്തൃ കോടതി വിധിയാണിത്.(E20 petrol engine damage, Consumer Court Orders Compensation)
E20 ഇന്ധനം അടിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ എഞ്ചിൻ പ്രകടനം മോശമാകുകയും, മിസ് ഫയറിങ് ഉണ്ടാവുകയും, കാര്യക്ഷമത ക്രമേണ കുറയുകയും ചെയ്തതായാണ് ഉടമ പരാതിയിൽ ബോധിപ്പിച്ചത്. തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടും എഞ്ചിൻ തകരാറുകൾ ആവർത്തിക്കുകയും ഒടുവിൽ വലിയ തുക ചിലവഴിക്കേണ്ടി വരികയും ചെയ്തു. എന്നാൽ വാഹനം E20 ഇന്ധനവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്നും, സാധാരണ ഉണ്ടാകുന്ന തേയ്മാനമോ കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതോ ആകാം തകരാറിന് കാരണമെന്നുമാണ് വാഹന നിർമ്മാതാക്കളും ഡീലർമാരും കോടതിയിൽ വാദിച്ചത്.
എന്നാൽ ഈ വാദങ്ങൾ ഉപഭോക്തൃ കമ്മീഷൻ തള്ളി. അംഗീകൃത വർക്ക്‌ഷോപ്പുകളിൽ പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ ആവർത്തിച്ചത് നിർമ്മാതാക്കളുടെ ഭാഗത്തെ പോരായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ നിലവിൽ പെട്രോൾ പമ്പുകളിൽ സാധാരണയായി ലഭ്യമാകുന്ന ഇന്ധനം E20 ആണെന്നും, ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധനങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രായോഗിക ബദലുകൾ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി അംഗീകരിച്ച കമ്മീഷൻ, വാഹന ഉടമയ്ക്ക് ഉണ്ടായ റിപ്പയർ ചാർജ് പൂർണ്ണമായും തിരികെ നൽകാൻ നിർമ്മാതാക്കൾക്കും ഡീലർമാർക്കും നിർദ്ദേശം നൽകി. ഇതിന് പുറമെ മാനസിക വിഷമങ്ങൾക്കുള്ള നഷ്ടപരിഹാരവും കോടതിച്ചിലവും നൽകാനും, നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ പലിശ ഈടാക്കാനും വിധിയിൽ വ്യക്തമാക്കുന്നു.
Story Summary
The Raipur District Consumer Commission ruled in favour of a vehicle owner who alleged that using E20 petrol caused severe engine damage, marking India’s first known consumer court order on the E20 fuel rollout. The Commission rejected the manufacturer’s compatibility defense, noting that repetitive engine failures persisted despite multiple repairs. The court directed the manufacturer and dealer to reimburse repair costs and pay compensation, highlighting that consumers lack alternative fuel choices at pumps.


