HomeCrimeമതപരിവർത്തന ആരോപണം: മധ്യപ്രദേശിൽ മിഷനറി സ്കൂളിന് നേരെ ബജ്‌രംഗദൾ-VHP ആക്രമണം, കനത്ത...

മതപരിവർത്തന ആരോപണം: മധ്യപ്രദേശിൽ മിഷനറി സ്കൂളിന് നേരെ ബജ്‌രംഗദൾ-VHP ആക്രമണം, കനത്ത സംഘർഷം | Jabalpur Catholic school attack

ജബൽപൂർ: മതപരിവർത്തന ആരോപണത്തെത്തുടർന്ന് മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്കാ സ്കൂളിന് നേരെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗദൾ പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജബൽപൂർ മധോതൽ മേഖലയിലെ മിഷനറി സ്കൂളിന് നേരെയാണ് ചൊവ്വാഴ്ച വ്യാപക കല്ലേറുണ്ടായത്. അക്രമത്തിൽ സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകരുകയും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.(Jabalpur Catholic school attack, VHP and Bajrang Dal Protesters Attack Catholic School Over Conversion Allegations)

സ്കൂളിലെ ജീവനക്കാരെ ക്രിസ്തുമതത്തിലേക്ക് മാറാൻ അധികൃതർ നിർബന്ധിക്കുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്ത്രീകളടക്കമുള്ള വലിയൊരു സംഘം വിഎച്ച്പി, ബജ്‌രംഗദൾ പ്രവർത്തകർ സ്കൂളിന് മുന്നിൽ തടിച്ചുകൂടിയത്. പ്രതിഷേധം പെട്ടെന്ന് തന്നെ അക്രമാസക്തമാവുകയും ഒരു വിഭാഗം സ്കൂൾ കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൈയാങ്കളിയിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

സ്കൂളിലെ ഒരു മുൻ ജീവനക്കാരൻ നൽകിയ പരാതിയാണ് ഈ വിവാദങ്ങൾക്ക് കാരണം. തന്നെ ആവർത്തിച്ച് പള്ളി സന്ദർശിക്കാൻ നിർബന്ധിച്ചുവെന്നും മതം മാറാൻ സമ്മതിക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് ഇയാളുടെ ആരോപണം. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും മറവിൽ ജീവനക്കാരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയാണെന്ന് ആരോപിച്ച വിഎച്ച്പി നേതൃത്വം, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഈ മതപരിവർത്തന ആരോപണത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് സോനു കുർമി അറിയിച്ചു. അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Story Summary

Tension flared in Madhya Pradesh’s Jabalpur after VHP and Bajrang Dal activists staged a violent protest outside a Catholic missionary school over allegations of forced religious conversion. The demonstration escalated into vandalism and clashes with the police, leading to heavy security deployment in the area.

Clickable Info Box