മുക്കുപണ്ടം പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിയിൽ
Sun, 21 May 2023

ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. കട്ടപ്പന കാഞ്ചിയാർ പുത്തൻപുരയ്ക്കൽ റൊമാറിയോ ടോണി,മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ ഹരിദാസ്, കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ,അണക്കര അരുവിക്കുഴി സിജിൻ മാത്യു എന്നിരെയാണ് ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ മുക്കുപണ്ടം നിർമിച്ചാണ് സംഘത്തിൻറെ തട്ടിപ്പുരീതി എന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന,കുമളി, അണക്കര എന്നിവിടങ്ങൾക്ക് പുറമേ തമിഴ്നാട്ടിലെ കമ്പത്തും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്ക് പണ്ടം പണയം വെച്ച് സംഘം പണം തട്ടിയിരുന്നു. പ്രതികളിൽ ഒരാളായ ശ്യാം കുമാർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിന്നാലെ ശ്യാം കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം പണയപ്പെടുത്തിയതിന്റെ രസീതുകൾ ലഭിച്ചു. ഇതിന് ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മറ്റു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.