അന്തർസംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വ്യാപകം; നാലുമാസത്തിനിടെ എറണാകുളത്ത് മാത്രം നാല് കൊലപാതകങ്ങൾ

കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വ്യാപകമായി വർധിക്കുന്നു. നാലുമാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം നാല് ക്രൂര കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് വരെ സംസ്ഥാനത്ത് 6794 ക്രിമിനൽ കേസുകളാണ് ഇവർക്കിടയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 161 കൊലപാതക കേസുകളും 834 പീഡനക്കേസുകളും ഉൾപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാരുള്ള ജില്ലയാണ് എറണാകുളം.

ജൂലൈ 28ന് ആലുവയിൽ അഞ്ച് വയസ്സുകാരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസ്ഫാക് ആലമിന് കോടതി തൂക്കുകയർ വിധിച്ചത് അടുത്ത ദിവസമാണ്. ഇതിന് ശേഷമാണ് ആഗസ്റ്റ് ഏഴിന് വീട്ടിൽ ഉറങ്ങുകയായിരുന്ന ചൊവ്വര തൂമ്പാല ബദറുദ്ദീനെ (78) അതിക്രമിച്ചുകയറിയ അന്തർസംസ്ഥാനക്കാരൻ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. ആഴ്ചകളോളം ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം മരണമടഞ്ഞു.