തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ ബന്ധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്തു. പന്തളം സ്വദേശിയായ വ്യവസായിയെ ഇന്നലെ വൈകുന്നേരം നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്.(Sabarimala gold theft case, Statement of expatriate businessman recorded)
നേരത്തെ ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. താൻ കേട്ടറിഞ്ഞ വിവരങ്ങളും കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില വ്യക്തികളുടെ ഫോൺ നമ്പറുകളും അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും കൈമാറിയ ഫോൺ നമ്പറുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പരാതിയിൽ പരാമർശിച്ച ദുബായ് വ്യവസായിയിൽ നിന്നും നേരത്തെ എസ്.ഐ.ടി മൊഴിയെടുത്തിരുന്നു. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരാളുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ നേരിട്ടുള്ള അനുഭവങ്ങൾ ഇദ്ദേഹം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കാൻ വ്യവസായിക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നിലവിൽ സ്വർണ്ണക്കൊള്ളയുടെ അന്താരാഷ്ട്ര മാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം, കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനായി ഇ.ഡിയും കേസിൽ ഇടപെട്ടിട്ടുണ്ട്. ഇതിനിടെയാണ് പുതിയ മൊഴികൾ പുറത്തുവരുന്നത്.